ഗുജറാത്തിൽ എഐസിസി സമ്മേളനം ഇന്ന്; കേരളത്തിൽ നിന്ന് 61 പ്രതിനിധികൾ

84ാം എഐസിസി സമ്മേളനം ഇന്ന് നടക്കും. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. ഇന്നലെ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു. ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമാണ് ഇത്തവണത്തെ സമ്മേളനം. കേരളത്തില്‍ നിന്ന് ആകെ 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഡിസിസി ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് നടക്കും. വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, വിദേശനയം തുടങ്ങിയ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം ഇന്ന് സമ്മേളനത്തില്‍ പാസാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രമേയങ്ങള്‍ ഇന്നലെ എഐസിസിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.

മോദി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്ന് വിശാല പ്രവര്‍ത്തക സമിതിയില്‍ അറിയിച്ചു. 1994 മുതല്‍ അധികാരത്തില്‍നിന്നും പുറത്തുനില്‍ക്കുന്ന ഗുജറാത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പ്രമേയവും പ്രവര്‍ത്തന സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഔന്നത്യം ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേക പ്രമേയവും അവതരിപ്പിച്ചു. ഗാന്ധി വധത്തെതുടര്‍ന്ന് ആര്‍എസ്എസിനെ അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍ നിരോധിച്ചതിനെയും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *