ഗാന്ധി ജയന്തി ദിനത്തിലെ ആർഎസ്എസ് റൂട്ട്മാർച്ചിന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു; തമിഴ്‌നാട് സർക്കാരും ആർഎസ്എസും തുറന്നപോരിലേക്ക്

ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു. ഇതോടെ വിഷയത്തിൽ തമിഴ്‌നാട് സർക്കാരും ആർഎസ്എസും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരിപാടിക്കു സർക്കാർ അനുമതി നിഷേധിച്ചതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജി നാളെ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ ആർഎസ്എസ് സംഘടിപ്പിക്കുന്ന റാലികൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി 51 സ്ഥലങ്ങളിലാണ് റാലി നടത്താൻ പദ്ധതിയിട്ടിരുന്നത്.അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തിൽ ഒരു നിലയ്ക്കും അനുമതി നൽകാനാവില്ലെന്ന നിലപാടിലാണു പൊലീസും സംസ്ഥാന സർക്കാരും. കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനത്തു ശക്തിപ്രകടനത്തിനാണ് ആർഎസ്എസ് ഗാന്ധിജയന്തി ദിനത്തിൽ റൂട്ട് മാർച്ച് പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചു സർക്കാർ തുടക്കത്തിലേ അനുമതി നിഷേധിച്ചു. പിറകെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിനായി സർക്കാർ തീവ്രശ്രമം തുടരുന്ന സാഹചര്യത്തിൽ, ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് റാലികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നുവെന്നാണ് സർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതായും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *