കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിൽ വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎൽഎ. ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പിഴവ് വന്നിട്ടുണ്ടെന്നും കാഷ്വാലിറ്റിയിൽ അടിയന്തര രക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നുമുള്ള വീഴ്ചകളെ തുടർന്നാണ് രോഗികളുടെ മരണം എന്നും എം എൽ എ പറഞ്ഞു. തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി.