ദുബായ് : ഓഗസ്ററ് 15 നു ഒരു യുവാവ് കേരളത്തിൽ നിന്നും സൈക്കിളിൽ ലണ്ടനിലേക്കൊരു യാത്രയാരംഭിച്ചു എന്ന് കേൾക്കുമ്പോൾ സാധാരണക്കാരായ എല്ലാവരും ആദ്യമൊന്ന് കവിളത്തു കൈ വെക്കും, ഇതൊക്കെ ഒരു മനുഷ്യനെക്കൊണ്ട് സാധിക്കുമോ എന്ന തോന്നൽ ഉള്ളിൽ വരുന്നത് കൊണ്ടാവും എല്ലാവരും അങ്ങനെ ചെയ്തു പോകുന്നത്. എങ്കിൽ ആ കൈ അവിടെ തന്നെ നമ്മൾ വെക്കേണ്ടി വരും.സംഭവം സത്യമാണ്.
യാത്രകളോടുള്ള ഇഷ്ടവും ഹൃദ്രോഗം മൂലമുള്ള അച്ഛന്റെ മരണവും ഫായിസ് എന്ന ഈ 34 കാരനെ ഒരു ഒരു സൈക്കിൾ പ്രേമിയാക്കി.സൈക്കിൾ ചവിട്ടുന്നത് ഹൃദയാരോഗ്യം കൂട്ടുമെന്നതിനാൽ പിന്നീടിതൊരു ശീലമാക്കി. ഫായിസ് നടത്തുന്ന ആദ്യത്തെ ദീർഘദൂര സൈക്കിൾ യാത്ര കോഴിക്കോട് നിന്ന് സിംഗപ്പൂരിലേയ്ക്ക് ആയിരുന്നു. 104 ദിവസം കൊണ്ട് 8,000 കിലോമീറ്ററിലേറെ സൈക്കിൾ ചവിട്ടി പയറ്റിയ അനുഭവ സമ്പത്തുംകൊണ്ടാണ് പുതിയ യാത്ര ആരംഭിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ നിറച്ച നാലു ബാഗുകൾ, ഒരു ബാറ്ററി പായ്ക്ക്, ഉണക്കിയ പഴങ്ങൾ, ഉപകരണങ്ങൾ, ഒരു ജിപിഎസ് ട്രാക്കർ ഇത് മാത്രമാണ് കയ്യിൽ കരുതിയിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 450 ദിവസങ്ങൾക്കുള്ളിൽ 30,000 കിലോമീറ്റർ താണ്ടി 35 രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചാണ് 34 കാരൻ 2024 ൽ ലക്ഷ്യസ്ഥാനത്തെത്തുക.
ഹൃദയാരോഗ്യം, ലോകസമാധാനം, ആരോഗ്യ സംരക്ഷണം, സീറോ കാർബൺ എമിഷൻ, സീറോ മരുന്നുകൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യങ്ങളോടെയുള്ള സാഹസിക യാത്ര ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
സൗദിയില് നാലു വർഷം ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോയപ്പോഴാണ് ഫായിസിന് സൈക്കിൾ യാത്രാ മോഹമുദിച്ചത്. ഇലക്ട്രിക്കൽ എൻജിനീയർ ആയ ഇദ്ദേഹത്തിന് സൗദിയിൽ വിപ്രോയിലായിരുന്നു ജോലി. തന്റെ പ്രഫഷനൽ ലക്ഷ്യം മാറ്റിവച്ച് ലോകമെങ്ങും സൈക്കിൾ യാത്ര നടത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചപ്പോൾ സ്വാഭാവികമായും ബന്ധുക്കൾ മുഖം കറുപ്പിച്ചു. പക്ഷേ, തന്റെ ഉറച്ച തീരുമാനം അതിനെല്ലാം വഴിമാറിക്കൊടുത്തു. ഫായിസ് മൂന്നു ഘട്ടങ്ങളായാണ് ഫായിസ് യാത്ര ചെയ്യുക . കുവൈത്ത് വരെയുള്ളതാണ് ആദ്യ ഘട്ടം. രണ്ടാമത്തേത് തുർക്കിയിലേയ്ക്ക്. അവിടെ നിന്ന് മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിൽ യൂറോപ്പിലെത്തും. ആറു ജിസിസി രാജ്യങ്ങൾ സഞ്ചരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സൗദി അറേബ്യയിൽ നിന്നു ഖത്തറിലേക്കും ബഹ്റൈനിലേയ്ക്കും പോയാണ് കുവൈത്തിലെത്തുക. തുടർന്നാണ് ഇറാഖ്, ഇറാൻ, അസർബൈജാൻ, ജോർജിയ, തുർക്കി എന്നിവിടങ്ങളിലെത്തി ഗ്രീസ് വഴി യൂറോപ്പിൽ പ്രവേശിക്കുക.
യൂറോപ്പിലെ 22 രാജ്യങ്ങളിൽ യാത്ര ചെയ്ത് 2024-ൽ ലണ്ടനിൽ എത്താൻ കഴിയുമെന്നാണ് ഫായിസിന്റെ ലക്ഷ്യം. സഹായികളായി ആരുമില്ലാതെയാണ് ഫായിസിന്റെ യാത്ര. ഹോട്ടൽ ബുക്കിങ് ഒന്നും നടത്താതെ പരിചയപ്പെടുന്നവരുടെ കൂടെ താമസിക്കും. ഹോട്ടലുകളിലോ ലോഡ്ജുകളിലോ മുറികൾ ബുക്ക് ചെയ്യാറില്ല. പലയിടത്തും പെട്രോൾ സ്റ്റേഷനുകളിൽ വരെ കിടന്നുറങ്ങി. തായ്ലൻഡിലെ പെട്രോൾ സ്റ്റേഷൻ വളരെ മനോഹരവും വൃത്തിയുള്ളതുമായിരുന്നു. ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും അന്തിയുറങ്ങിയിട്ടുണ്ട്. ഖോർ ഫക്കാനിലെത്തിയപ്പോൾ ചില കഫറ്റീരിയ തൊഴിലാളികൾക്കൊപ്പം കഴിഞ്ഞുകൂടി.റോട്ടറി ക്ലബ് അംഗമായതിനാൽ ഇന്ത്യയിലെ ചില ക്ലബ് ലൊക്കേഷനുകളിൽ താമസിച്ചു. യൂറോപ്പിലും സമാനമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ടെന്റിലോ പള്ളികളിലോ മറ്റോ ഉറങ്ങും. റോട്ടറി ക്ലബ് കൂടാതെ, നോർക്ക റൂട്ട്സ്, മലയാളം മിഷൻ, കേരള ടൂറിസം, കേരള ഹാർട്ട്സ് ഫൗണ്ടേഷൻ എന്നിവ ഈ ഉദ്യമത്തിന് പിന്തുണ നൽകുന്നുണ്ട്. യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയായ പാരാജോൺ ആണ് ഫായിസിന്റെ സ്പോൺസർ. എമിറേറ്റ്സ് പോസ്റ്റും പിന്തുണയ്ക്കുന്നു. പാരാ ജോൺസ് സമ്മാനിച്ച സർലി ഡിസ്ക് ട്രക്കർ സൈക്കിളിലാണ് സഞ്ചാരം. പ്രധാന സ്പോൺസറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ക്രൗഡ് ഫണ്ടിങ്ങും നടക്കുന്നു.
കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെന്റൽ സയൻസസിൽ ജോലി ചെയ്യുന്ന ദന്തഡോക്ടർ അസ്മിൻ ആണ് ഭാര്യ. ഫാസിൻ ഒമർ, ഇസിൻ നഹേൽ എന്നിവർ മക്കൾ. ഭാര്യയും മക്കളും മാതാവ് ഫൗസിയയും ദൗത്യത്തിന് പൂർണ പിന്തുണ നല്കുന്നു. മാത്രമല്ല, യാത്രാ സംബന്ധമായ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുക എന്നൊരു ഡ്യൂട്ടി കൂടി അവർ ചെയ്യുന്നുണ്ട്.