രാജീവ് ചന്ദ്രശേഖറിന് ലഭിച്ച പുതിയ പദവി ഭാരിച്ച ഉത്തരവാദിത്തമല്ലെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണ് മുന്നിലുള്ളതെന്നും അത് പല തവണ നമ്മൾ കണ്ടതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുരേന്ദ്രൻ ബാറ്റൺ രാജീവിന് കൈമാറിയതോടെ സൈദ്ധാന്തിക വിപ്ലവത്തിലേക്കാണ് വളർന്നിട്ടുള്ളത്. ഇക്കാര്യം മനസിലാക്കി എതിരാളികൾ പ്രതിപ്രവർത്തനം തുടങ്ങിയാൽ മാത്രമേ ബി.ജെ.പിക്ക് ഭാരിച്ച ജോലിയാകൂ. മുൻ അധ്യക്ഷന്മാർ കൂടുതൽ കരുത്ത് പകർന്നാണ് പാർട്ടി ഇവിടം വരെ എത്തിയത്. അതുക്കും മേലെ എന്ന് പറയുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത്. നമുക്ക് പല പ്രദേശങ്ങളും കേരളത്തിൽ എടുക്കാനുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മാത്രമല്ല നരേന്ദ്ര മോദിക്കും അമിത്ഷാക്കും നിർമല സീതാരാമനും വേണ്ടി കേരളം മൊത്തം നമ്മൾ എടുക്കാൻ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.