കാഞ്ച ഗച്ചിബൗളി വനം നശിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് തെലങ്കാന സർക്കാർ പിന്തിരിയണമെന്ന ആവശ്യവുമായി മുൻ ഉന്നത ഉദ്യോഗസ്ഥർ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ച് വിരമിച്ച 67 ഉന്നത ഉദ്യോഗസ്ഥരാണ് തുറന്ന പ്രസ്താവനയിൽ ഒപ്പിട്ടത്. ഈ ഭൂമി സ്വകാര്യ കക്ഷികൾക്ക് ലേലം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുതെന്ന് ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എല്ലാ വനങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയുകയും ജിയോ റഫറൻസ് ചെയ്യുകയും നശിപ്പിക്കപ്പെട്ട എല്ലാ വനഭൂമികളിലും മരങ്ങൾ പുനരുജ്ജീവിപ്പിക്കുകയും വേണം.
രാജ്യത്തുടനീളമുള്ള നമ്മുടെ വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടുന്നുവെന്നും ‘വികസന’ത്തിന്റെ പേരിൽ അവ ഇല്ലാതാക്കപ്പെടുന്നില്ലെന്നും എല്ലാ സർക്കാരുകളോടും ആത്മാർഥമായി അഭ്യർഥിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടപടി ആവശ്യമായതിനാൽ, എല്ലാ പൊതുസ്വത്തുക്കളെയും സംരക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർക്കാരുകൾ സജീവമായ നടപടി കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമുള്ള 400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ച് ഐടി പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ദിവസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു. പദ്ധതി ഉപേക്ഷിച്ച തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ 2000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമി ഇക്കോ പാര്‍ക്കാക്കി മാറ്റാൻ പദ്ധതി തയ്യാറാക്കിയിരുന്നു. സുപ്രിംകോടതിയുടെ സ്റ്റേക്ക് പിന്നാലെയാണ് പ്രദേശത്തെ ലോകത്തിലെ ഏറ്റവും വലിയ ഇക്കോ പാര്‍ക്കുകളില്‍ ഒന്നായി മാറ്റാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.