സാമൂഹിക മാധ്യമത്തിൽ കവിത പങ്കുവച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഢിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ ഗുജറാത്ത് സർക്കാരിനെതിരെ സുപ്രിംകോടതി. സർഗാത്മകത പ്രധാനമാണെന്നും പ്രസ്തുത കവിത ഒരു സമുദായത്തിനും എതിരല്ലെന്നും ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി പറഞ്ഞു.
‘രക്തദാഹികളേ, ഞാൻ പറയുന്നത് കേൾക്കൂ’ എന്ന കവിത പങ്കുവെച്ചതിനാണ് എംപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യസഭാംഗം മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ ഇമ്രാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇളവ് ലഭിച്ചില്ല. തുടർന്ന് ഹൈക്കോടതി വിധിയെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
കവിതയുടെ യഥാർഥ അർഥം ഹൈക്കോടതി വിലമതിച്ചിട്ടില്ലെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ‘കവിതയിൽ നിങ്ങളുടെ മനസ്സ് പ്രയോഗിക്കുക. എല്ലാത്തിനുമുപരി സർഗ്ഗാത്മകതയും പ്രധാനമാണ്’ -ഗുജറാത്ത് സർക്കാരിന്‍റെ അഭിഭാഷകയായ സ്വാതി ഗിൽദിയാലിനോട് ജസ്റ്റിസ് ഓക്ക പറഞ്ഞു.
ആത്യന്തികമായി ഇതൊരു കവിതയാണ്, ഇത് ഒരു മതത്തിനും എതിരല്ല. ആരെങ്കിലും അക്രമത്തിൽ മുഴുകിയാലും നമ്മൾ അക്രമത്തിൽ ഏർപ്പെടില്ലെന്ന് പരോക്ഷമായി ഈ കവിത പറയുന്നു. അതാണ് കവിത നൽകുന്ന സന്ദേശം. ഇത് ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംപിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. നിയമത്തെയാണ് ന്യായാധിപൻ അക്രമിച്ചിരിക്കുന്നതെന്നും അതാണ് തന്‍റെ ആശങ്കയെന്നും കപിൽ സിബൽ പറഞ്ഞു. ഗുജറാത്ത് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവച്ചു.
എംപി പോസ്റ്റ് ചെയ്ത 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. ഒരു പരിപാടിയിൽ അദ്ദേഹത്തിനു നേരെ പുഷ്പദളങ്ങൾ വർഷിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം നൽകിയ കവിതയിൽ പ്രകോപനപരമായ വരികൾ ഉണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ, കവിതയിൽ സ്നേഹത്തിന്‍റെയും അഹിംസയുടെയും സന്ദേശമാണുള്ളതെന്ന് എംപി വാദിക്കുന്നു. തന്നെ പീഡിപ്പിക്കാനുള്ള ഉപകരണമായി എഫ്ഐആർ ഉപയോഗിച്ചുവെന്നും ഇത് ദുരുദ്ദേശ്യത്തോടെയാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.