ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ചില മാനദണ്ഡങ്ങളില്‍ അയവ് വരുത്താനൊരുങ്ങി ബിസിസിഐ. താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിൻവാങ്ങുകയോ ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക സാഹചര്യം ഉണ്ടായാലോ ഇനിമുതല്‍ ഇളവുകളുണ്ടായിരിക്കും. പ്രത്യേകിച്ചും വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍.
ടീമുമായി കരാറിലേര്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കളിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഒരു താല്‍ക്കാലിക പകരക്കാരനുമായി കരാറിലേര്‍പ്പെടാൻ ഫ്രാഞ്ചൈസികള്‍ക്ക് കഴിയും. എന്നാൽ ഇതിനായി ബിസിസിഐയുടെ പ്രത്യേക അനുമതി ആവശ്യമായിരിക്കും. പരുക്ക് പറ്റുന്ന പശ്ചാത്തലത്തില്‍ താരം ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതുവരെ മാത്രമായിരിക്കും താല്‍ക്കാലിക കരാറിന്റെ കാലാവധി. അല്ലെങ്കിൽ തിരികെ ടീമിനോപ്പം ചേരുന്നതുവരെയും.
ഒരുദീര്‍ഘകാല പകരക്കാരനെയാണ് ആവശ്യമെങ്കില്‍ ലേലത്തില്‍ ടീമുകളൊന്നും വാങ്ങിക്കാത്ത താരങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത് കരാറില്‍ ഏര്‍പ്പെടാവുന്നതാണ്. പരിക്ക് മൂലം സീസണ്‍ നഷ്ടമാകുകയോ അല്ലെങ്കില്‍ ദേശീയ ടീമിനൊപ്പം ചേരേണ്ടി വരുന്ന സാഹചര്യത്തിലുമായിരിക്കും ഈ ഇളവ്. ന്യായമായ കാരണങ്ങള്‍ മൂലം ഒഴിവാകേണ്ടി വരികയാണെങ്കിലും ഇത്തരം കരാറുകള്‍ ഉപയോഗിച്ച് പകരക്കാരെ കണ്ടെത്താവുന്നതാണ്. എന്നാൽ പകരക്കാരനെ കണ്ടെത്തുന്നതിനും ചില നിബന്ധനകളുണ്ട്. ടീമിലെ താരത്തിന് സീസണിലെ 12-ാം ലീഗ് മത്സരത്തിന് മുൻപ് പരുക്ക് പറ്റുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയോ ചെയ്യണം. താരം ഭാഗമായിട്ടുള്ള ദേശീയ ടീമിന്റെ ബോര്‍ഡിന്റേയും ബിസിസിഐ അംഗീകൃത ഡോക്ടറിന്റേയും സ്ഥിരീകരണം ഇതിന് ആവശ്യമാണ്.
ഇതിനുപുറമെ കരാറിലേര്‍പ്പെട്ട താരത്തിന് തന്റെ ദേശീയ ബോര്‍ഡില്‍ നിന്ന് ഐപിഎല്‍ കളിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലും ടീമുകള്‍ക്ക് പകരക്കാരെ കണ്ടെത്താം. പകരക്കാരനായി എത്തുന്ന താരത്തിന്റെ ശമ്പളത്തിന് പരിധിയുണ്ടാകും. സീസണ്‍ നഷ്ടമാകുന്ന താരത്തേക്കാള്‍ കൂടാൻ പാടില്ല. ഇതിനും ബിസിസിഐയുടെ അനുമതി ആവശ്യമാണ്.