ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വൈകിട്ട് 7.30നാണ് മത്സരം നടക്കുക. ഈ സീസണില്‍ പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ഇത് രണ്ടാം തവണ. ചണ്ഡീഗഢില്‍ കണ്ട ത്രില്ലര്‍ പോര് ഈഡന്‍ ഗാര്‍ഡനിലും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 111 റണ്‍സ് പ്രതിരോധിച്ച് ചരിത്ര ജയം കുറിച്ച പഞ്ചാബിനെതിരെ കണക്കു തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ് മത്സരം.
8 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് കിംഗ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്. ഇനിയുള്ള ആറ് മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ കൂടി കണ്ടെത്തിയാല്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമുള്ള. ഇനിയുള്ള ആറില്‍ അഞ്ചിലും ജയിക്കണം. ആര്‍സിബിയോട് തോറ്റാണ് പഞ്ചാബ് ഈഡന്‍ ഗാര്‍ഡനിലെത്തുന്നത്. കൊല്‍ക്കത്ത അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു.