എംപുരാൻ മാറി വല്ല ഏഴാം തമ്പുരാനും ആവുന്നതിന് മുമ്പ് ഒരു സംഘ്പരിവാർ ക്രിമിനലിനെ അടയാളപ്പെടുത്തുന്നു; വി.ടി ബൽറാം

എമ്പുരാൻ സിനിമ റീ സെൻസറിങ്ങിന് വിധേയമാകുമെന്ന ചില റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ഗുജറാത്ത് കലാപത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ ബാബു ബജ്‌രംഗിയുടെ ചിത്രവും കുറിപ്പും പങ്കുവെച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. ബാബു ബജ്‌രംഗിയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയ നരോദ പാട്യ കൂട്ടക്കൊലയും തെഹൽക സ്റ്റിങ് ഓപ്പറേഷനിൽ ഇയാൾ തുറന്നു സമ്മതിച്ച കാര്യങ്ങളും പ്രതിപാദിച്ചു കൊണ്ടാണ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എമ്പുരാൻ പേര് മാറി വല്ല ‘ഏഴാം തമ്പുരാനും ആവുന്നേന് മുൻപ് യഥാർത്ഥ പേരിലുള്ള ഒരു സംഘ് പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വെക്കുന്നേ ഉള്ളൂവെന്നും വി ടി ബൽറാം പറഞ്ഞു. എമ്പുരാനിൽ വില്ലൻ കഥാപാത്രമായിഎത്തുന്ന ബാബാ ബജ്‌രംഗി യഥാർത്ഥത്തിൽ ബാബു ബജ്‌രംഗിയെ ആണ് ഉദ്ദേശിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ഇത് ബാബു ബജ്‌രംഗി. സംഘ് പരിവാർ സംഘടനയായ ബജ്‌രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ (97 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു- 36 സ്ത്രീകൾ, 35 കുട്ടികൾ, 26 പുരുഷന്മാർ) പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇപ്പോൾ പരോളിലാണ്. ഇപ്പോൾ മാത്രമല്ല 2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പല കാരണങ്ങൾ പറഞ്ഞ് പരോളിലായിരുന്നു ഇയാൾ. പരോൾ സമയത്തൊരിക്കൽ ‘തെഹൽക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ ഒളിക്യാമറയിൽ ബാബു ബജ്‌രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട് കൂട്ടക്കൊലയിൽ തന്റെ പങ്കിനേക്കുറിച്ച്. തന്നെ സഹായിക്കാൻ വേണ്ടി നരേന്ദ്ര മോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും വിഡിയോയിൽ ബജ്‌രംഗി അവകാശപ്പെടുന്നുണ്ട്.

‘എമ്പുരാൻ’ പേര് മാറി വല്ല ‘ഏഴാം തമ്പുരാ’നും ആവുന്നേന് മുൻപ് യഥാർത്ഥ പേരിലുള്ള ഒരു സംഘ് പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വയ്ക്കുന്നു എന്നേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *