നടന് ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിയിൽ, നടന് താക്കീത് നല്‍കാനുള്ള തീരുമാനമാകും ‘അമ്മ’യുടെ ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുകയെന്നാണ് നിലവിലെ സൂചന. കഴിഞ്ഞദിവസം നടന്ന ഐ.സി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്നാണ് വിവരം. സിനിമാ മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് സംഘടനകളുടെ തീരുമാനമെന്നാണ് വിവരം.
നടനെതിരെ അമ്മയുടെ ഇന്റേണല്‍ കമ്മിറ്റിക്കു പുറമെ ഫിലിം ചേമ്പറിനും വിന്‍സി പരാതി നല്‍കിയിരുന്നു. കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി ഐ.സി യോഗത്തില്‍ വിന്‍സി പ്രകടിപ്പിക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്കാന് താൽപര്യമില്ലെന്നും സിനിമക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹാളിലാണ് ഐ.സി യോഗം ചേര്‍ന്നത്. വിന്‍സി ഒറ്റക്കും ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പവുമാണ് യോഗത്തിനെത്തിയത്.