ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. സമുദ്രത്തിൽ നിന്ന് തൊടുക്കാവുന്ന ദീർഘദൂര പ്രഹര ശേഷിയുള്ള മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഐഎൻഎസ് സൂറത്തിലായിരുന്നു നാവികസേനയുടെ പരീക്ഷണം. ലേസർ നിയന്ത്രിത മിസൈൽ പരീക്ഷണമാണ് നടത്തിയത്. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിക്രാന്തിലായിരുന്നു മിസൈൽ പരീക്ഷണം. ഇന്ത്യയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ഇസ്രായേലുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലിന് 70 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്.
കടലിലൂടെ നീങ്ങുന്ന ശത്രുവിനെ ഈ മിസൈല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന് തകര്‍ക്കാൻ സാധിക്കും. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ തദ്ദേശീയ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് സൂറത്ത് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇത് നാവികസേനയ്ക്ക് മറ്റൊരു നാഴികകല്ലാണെന്നും നാവികസേന എക്‌സിൽ കുറിച്ചു. ജമ്മുകശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയിരിക്കുത്. പാകിസ്താനിൽ നിന്നുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെഹല്‍ഗാമില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.