സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
മദ്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകൾ ഉളള സംസ്ഥാനം ആസാമാണ്. രാജ്യത്ത് 15നും 49നും ഇടയിൽ പ്രായമുളള 1.2 ശതമാനം സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. ഇത് ശരാശരി കണക്കാണ്. ആസാമിൽ 15നും 49നും ഇടയിൽ പ്രായമുളള സ്ത്രീകളിൽ 16.5 ശതമാനം പേരാണ് മദ്യപിക്കുന്നത്. രണ്ടാമതായി ഏറ്റവും കൂടുതൽ സ്ത്രീകൾ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം മേഘാലയ ആണ്. ഇവിടെ 15നും 49നും ഇടയിലുളള സ്ത്രീകളിൽ 8.7 ശതമാനം പേരാണ് മദ്യപിക്കുന്നത്. സർവേയിൽ മൂന്നാം സ്ഥാനത്തുളളത് അരുണാചൽ പ്രദേശാണ്.
മുൻവർഷങ്ങളിൽ ഉളള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ സ്ത്രീകൾ മദ്യപിക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് 15നും 49നും ഇടയിൽ പ്രായമുളള സ്ത്രീകളിൽ 3.3 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പുരുഷ മദ്യപാനികളുളള സംസ്ഥാനം അരുണാചൽ പ്രദേശാണ്. 15നും 49നും ഇടയിൽ പ്രായമുളള പുരുഷൻമാരിൽ 59 ശതമാനം ആളുകളും മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, കോർപ്പറേറ്റ് കമ്പനികൾക്ക് പേരുകേട്ട മഹാരാഷ്ട്ര, ഡൽഹി, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ പേരുകൾ സർവ്വേയിൽ ഇടംപിടിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.