ഇനി മുഖം സുന്ദരമാക്കാം അരിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോ​ഗിച്ച്

നമ്മുടെ ദൈനം​ദിന ജീവിതത്തിൽ ഭക്ഷണത്തിൽ അരിപ്പൊടി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ചർമ്മസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് അരിപ്പൊടി. വിറ്റാമിൻ ബി യുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നായി അരിപ്പൊടി കണക്കാക്കപ്പെടുന്നു, ഇത് നിരവധി ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുക മാത്രമല്ല, ചർമ്മത്തെ തിളക്കമുള്ളതുമാക്കുന്നു. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചതാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ് അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ. അരിപ്പൊടി ഉപയോഗിച്ചുള്ള വ്യത്യസ്ത തരം ഫേസ് പായ്ക്കുകൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

രണ്ട് സ്പൂൺ കസ്തൂരി മഞ്ഞൾ‌ പൊടിയും ഒരു സ്പൂൺ അരിപ്പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴി‍ഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ( ശ്രദ്ധിക്കുക, പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക).

അരിപ്പൊടിയും കറ്റാർ വാഴയും ചേർത്ത ഫേസ് പായ്ക്ക് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ അധിക എണ്ണമയം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഈ ഫേസ് പായ്ക്ക് തയ്യാറാക്കാൻ, 2 സ്പൂൺ കറ്റാർ വാഴ ജെൽ 2 സ്പൂൺ അരിപ്പൊടിയുമായി കലർത്തി മുഖത്ത് പുരട്ടുക. 20 മിനിറ്റ് നേരം വച്ച ശേഷം കഴുകി കളയുക, മുഖത്ത് മോയ്‌സ്ചറൈസർ പുരട്ടുക. ഇത് നിങ്ങളുടെ ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതും എണ്ണമയമില്ലാത്തതുമായി കാണപ്പെടും.

രണ്ട് സ്പൂൺ തെെരും രണ്ട് സ്പൂൺ അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. തെെരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് പ്രകൃതിദത്തമായ ഒരു മോയ്‌സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മ മൈക്രോബയോം നിലനിർത്താനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്ന പ്രോബയോട്ടിക്സും തൈരിൽ അടങ്ങിയിട്ടുണ്ട്.

മുഖത്തെ ചുളിവുകളും വരകളും അകറ്റാൻ അരിപ്പൊടിയും മുട്ടയും ചേർത്ത് ഫെയ്സ് മാസ്കുകൾ ഉണ്ടാക്കാം. ഇതിനായി രണ്ട് മുട്ടയുടെ വെള്ള ഭാഗം എടുത്ത് ഒരു സ്പൂൺ അരിപ്പൊടി കലർത്തുക. ഇപ്പോൾ ഇത് മുഖത്ത് പുരട്ടി കുറച്ച് മിനിറ്റ് വച്ച ശേഷം ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകുക.

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ അരിപ്പൊടിയും തക്കാളിയും ചേർത്ത് ഉണ്ടാക്കിയ ഒരു ഫേസ് പായ്ക്ക് പുരട്ടാം. ഇതിനായി ഒരു സ്പൂൺ ഗോതമ്പ് മാവ് തക്കാളി ജ്യൂസിൽ കലർത്തി അതിൽ ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ഇനി ഈ പായ്ക്ക് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ മുഖം തിളക്കമുള്ളതാമായി കാണപ്പെടും. അതുപോലെ ഒരു സ്പൂൺ അരിപ്പൊടിയും അൽപം തക്കാളി നീരും യോജിപ്പിച്ചും മുഖത്തും കഴുത്തിലുമായി പുരട്ടാവുന്നതാണ്. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

ചർമ്മം തിളക്കത്തോടെയും പുതുമയോടെയും നിലനിർത്താൻ അരിപ്പൊടിയും ഗ്രീൻ ടീയും ചേർത്ത ഒരു ഫേസ് പായ്ക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ആദ്യം ഗ്രീൻ ടീ തയ്യാറാക്കണം. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ഗ്രീൻ ടീ ബാഗ് ഇടുക. ഇനി, ഈ മിശ്രിതത്തിലേക്ക് 2 സ്പൂൺ അരിപ്പൊടിയും 1 സ്പൂൺ നാരങ്ങാനീരും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഫേസ് പായ്ക്ക് മുഖത്ത് പുരട്ടുക. 15 മുതൽ 20 മിനിറ്റ് വരെ വച്ച ശേഷം, ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *