ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെയ്ക്കും

ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്നാണ് കോട്ടയം ഡിഎഫ് ഒ എൻ രാജേഷ് അറിയിച്ചിരിക്കുന്നത്. അതേസമയം മയക്കുവെടി ദൗത്യം ഇന്ന് ആരംഭിക്കുന്നതിന്‍റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ.

ഗ്രാമ്പി എസ്റ്റേറ്റിൻറെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഏതാനും മീറ്റർ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടിൽ കയറാനാകില്ലെന്ന് മനസിലായതിനെ തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചത്.

വനംകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി എത്തിയിട്ടുണ്ട്. കൂടാതെ എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വെച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *