നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറപ്പിൽ പ്രതികരിച്ച് കെ. രാധാകൃഷ്ണൻ എം.പി. ഇത്തരം ചര്‍ച്ചകള്‍ സമൂഹം ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇതിനെതിരെയുള്ള ചിന്തകള്‍ ഉയര്‍ന്നുവരുകയുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ത്രീയെയും ദളിതരെയും ആദിവാസിയേയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരെയും എന്തും പറയാമെന്ന കാഴ്ചപ്പാട് ഇന്നും സമൂഹത്തിലുണ്ട്. സ്വന്തമായി വിവേചനം നേരിടുമ്പോള്‍ മാത്രം വിവേചനം നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിയാതെ വിവേചനം എവിടെ കണ്ടാലും അതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി സമൂഹം വളര്‍ത്തിയെടുക്കണമെന്നും കെ രാധാകൃഷ്ണന്‍ എം.പി പറഞ്ഞു. ആധിപത്യം സ്ഥാപിച്ചവരാണ് കറുപ്പ് മോശമാണെന്ന് പറഞ്ഞത്. കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് ചോദ്യം ചെറുപ്പത്തില്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വന്നിരുന്ന മറുചോദ്യം കൊക്ക് കുളിച്ചാല്‍ കാക്കയോകുമോ എന്നായിരുന്നു, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെക്കുറിച്ച് സന്ദർശകരിൽ ഒരാൾ നടത്തിയ മോശം പരാമർശത്തെക്കുറിച്ചായിരുന്നു ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ നിറം കറുപ്പാണെന്നും ഭർത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തിൽ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ അതിന് താഴെ വന്ന കമന്റുകളിൽ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാൽ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.