അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷാണ് സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കിയത്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.