അന്താരാഷ്ട്ര ട്വന്‍റി-20യിൽ നിന്നും വിരാട് കോഹ്ലി നേരത്തെ വിരമിച്ചുവെന്ന് മുൻ ഇന്ത്യൻ സൂപ്പർതാരം സുരേഷ് റെയ്ന പറഞ്ഞു. വിരാടിന് 2026 വരെ കളിക്കാനുള്ള മികവുണ്ടെന്നും റെയ്ന വ്യക്തമാക്കി. 2024ൽ ഇന്ത്യ നേടിയ ട്വന്‍റി-20 ലോകകപ്പിന് ശേഷമാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ട്വന്‍റി-20യിൽ നിന്നും വിരമിക്കുന്നത്. അദ്ദേഹത്തോടൊപ്പം ക്യാപ്റ്റൻ രോഹിത് ശർമയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിരമിച്ചു. അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്ലി വളരെ നേരത്തെ തന്നെ വിരമിച്ചതായി ഞാൻ ഇപ്പോഴും കരുതുന്നു. നിലവിൽ അദ്ദേഹം കളിക്കുന്ന താളവും 2025 ചാമ്പ്യൻസ് ട്രോഫിയിലെ താളവും കണക്കിലെടുക്കുമ്പോൾ, 2026 വരെ അദ്ദേഹത്തിന് കളിക്കാമായിരുന്നു. വിരാട് തന്റെ ഫിറ്റ്നസ് നിലനിർത്തിയ രീതി നോക്കുമ്പോൾ, അദ്ദേഹം ഇപ്പോഴും പീക്ക് ഫോമിലാണെന്ന് കണക്കാക്കാമെന്നും റെയ്‌ന പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ് നേടിയ വിരാട് കോഹ്ലി ഈ സീസണിലും മികച്ച പ്രകടനമാണ് ആർ.സി.ബിക്കായി പുറത്തെടുക്കുന്നത്. ഇതുവരെ ഒമ്പത് മത്സരത്തിൽ നിന്നും 65.33 ശരാശരിയിൽ 392 റൺസുമായി ഓറഞ്ച് ക്യാപ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് വിരാട് കോഹ്ലി. വിരാടിന്‍റെയും മറ്റ് സീനിയർ താരങ്ങളുടെയും വിരമിക്കലിന് ശേഷം യുവതലമുറയെ കൂട്ടുപിടിച്ച് ടി-20 ടീം ഒരുക്കുകയാണ് ഇന്ത്യ. സൂര്യകുമാർ നായകനായ ടീമിൽ വിരാട് കളിട്ട മൂന്നാം നമ്പർ ബാറ്റിങ് പൊസിഷനിൽ നിലവിൽ ഇടം കയ്യൻ ബാറ്റർ തിലക് വർമയാണ് കളിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ യുവനിര അടുത്ത വർഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്.