ഡോക്ടർ 7000 കിലോമീറ്റർ അകലെ, വൃക്ക, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച അഞ്ച് രോഗികൾക്ക് റോബോട്ടിക് ശസ്ത്രക്രിയ

കുവൈത്ത് സിറ്റി: അഭൂതപൂർവമായ വൈദ്യശാസ്ത്ര നേട്ടം സ്വന്തമാക്കി കുവൈത്ത്. തുടർച്ചയായി അഞ്ച് വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയാണ് ആരോഗ്യ മന്ത്രാലയം ഈ നേട്ടം കൈവരിച്ചത്.

ടെലി റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ഓപ്പറേഷൻ, 7,000 കിലോമീറ്ററിലധികം ദൂരത്തിൽ നിന്ന് രാജ്യത്തുട നീളമുള്ള മെഡിക്കൽ വിദഗ്ധരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് നടത്തിയത്. കുവൈത്തി ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സാദ് അൽ ദോസാരി ചൈനയിലെ ഷാങ്ഹായിൽ ഇരുന്നുകൊണ്ട് ശസ്ത്രക്രിയകൾ നടത്തിയെന്നും രോഗികൾ കുവൈത്തിലെ സബാഹ് അൽ അഹമ്മദ് സെന്ററിലായിരുന്നുവെന്നും മന്ത്രാലയം വിശദീകരിച്ചു.

അത്യാധുനിക മെഡ്ബോട്ട് എന്ന ശസ്ത്രക്രിയാ റോബോട്ട് ഉപയോഗിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഈ നേട്ടം ഒരു പുതിയ ലോക റെക്കോർഡാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തിയെന്ന നേട്ടമാണ് കുവൈത്ത് സ്വന്തമാക്കിയത്. വൃക്ക, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച അഞ്ച് രോഗികൾക്കാണ് ശസ്ത്രക്രിയ നടത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *