കുവൈറ്റ് തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചെന്ന് നോർക്ക; ഏഴുപേരുടെ നില ഗുരുതരം

കുവൈറ്റിലെ അഹ്‌മ്മദി ഗവർണറേറ്റിലെ മാംഗഫിലെ കമ്പനി ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ്. കുവൈറ്റിലെ നോർക്ക ഹെൽപ് ഡെസ്‌ക്കാണ് 24 മലയാളികൾ മരിച്ചതായുള്ള വിവരം നൽകിയതെന്നും സിഇഒ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

ഏറ്റവും കുറഞ്ഞ സമയത്തിൽതന്നെ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിഇഒ അറിയിച്ചു. 24 മലയാളികൾ മരണപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *