56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം നാളെ പത്തനംതിട്ടയിൽ വെച്ച് നടത്തും. 1968 ലെ അപകടത്തിൽ കാണാതായ മറ്റ് സൈനികർക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.

മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും തിരുവനന്തപുരത്ത് എത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യ മന്ത്രി വീണാ ജോർജ്, പാങ്ങോട് സൈനിക ക്യാമ്പ് മേധാവി ബ്രിഗേഡിയർ എം പി സലീൽ, വ്യോമ താവള സ്റ്റേഷൻ ഡയറക്ടർ ക്യാപ്റ്റൻ ടി എൻ മണികണ്ഠൻ, സൈനിക ക്ഷേമ ബോർഡ് ഡയറക്ടർ ക്യാപ്റ്റൻ ഷീബ രവി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു. സൈനികരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം മൃദദ്ദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ സൈനിക അകമ്പടിയോടെ സ്വാദേശമായ പത്തനംതിട്ടയിലെ ഇലന്തൂറിലേക്ക് കൊണ്ടുപോകും

102 പേരുമായി ചണ്ഡിഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎൻ 32 സോവിയറ്റ് നിർമ്മിത വിമാനമാണ് റോത്താഗ് പാസിന് അടുത്ത് മലമുകളിൽ തകർന്നുവീണത്. 2003ൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് മൃതദ്ദേഹങ്ങൾ ഉണ്ടോ എന്നറിയാനുള്ള പര്യവേക്ഷണം ശക്തമാക്കിയത്. 2019ൽ 5 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നാല് പേരുടെ മൃതദ്ദേഹം കൂടി കണ്ടെത്തിയത്. പ്രത്യേക ദൗത്യങ്ങൾക്ക് നിയോഗിക്കുന്ന ദോഗ്ര സ്തൗട്ട്സും തിരംഗ മൌണ്ടൻ സംഘവും ചേർന്നാണ് കഴിഞ്ഞ മാസം 25ന് വീണ്ടും തെരച്ചിൽ തുടങ്ങിയത്. പത്ത് ദിവസം കൂടി ദൗത്യം തുടരാനാണ് തീരുമാനം. റോഹ്ത്താംഗിൽ സൈന്യം നടത്തിയത് ഏറെ ദുഷ്ക്കരമായ ദൗത്യമെന്ന് ലാഹുൽ സ്പ്തി എസ് പി മായങ്ക ചൗധരി പ്രതികരിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയാൽ അത് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കം നടപടികൾക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നതെന്നും എസ് പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *