കേരളത്തിൽ തുടർച്ചയായി രണ്ടാംതവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണം 2.33 ലക്ഷം കൂട്ടാനായത് മുസ്‌ലിംലീഗിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഭരണമില്ലെങ്കിൽ ലീഗിന് നിലനിൽക്കാനാകില്ലെന്ന വിമർശനത്തിനുള്ള മറുപടി കൂടിയാണ് അംഗത്വ കാമ്പയിനിലൂടെ സംസ്ഥാന കമ്മിറ്റി നൽകിയത്. പ്രതീക്ഷിച്ചതിലും കൂടുതൽപേർ പാർട്ടിയിൽ അംഗത്വമെടുത്തതായി നേതാക്കൾ പറയുന്നു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് നിലവിൽ വന്നതിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണീ നേട്ടം. അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിനു താഴെയുള്ളവരാണെന്നതും 51 ശതമാനവും വനിതകളാണെന്നതും ലീഗിന് അഭിമാനിക്കാൻ വക നൽകുന്നു. ഈ വിഭാഗങ്ങൾക്ക് പാർട്ടി ഭാരവാഹിത്വത്തിലും തിരഞ്ഞെടുപ്പുകളിലും കൂടുതൽ അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഓൺലൈനായും പ്രത്യേകം തയ്യാറാക്കിയ അപേക്ഷ മുഖേനയുമാണ് അംഗത്വപ്രചാരണം നടത്തിയത്. ഡിസംബർ 15 വരെയുള്ള അപേക്ഷകളാണ് പരിഗണിച്ചത്. ഇതിനുശേഷവും ഒട്ടേറെപ്പേർ അപേക്ഷിച്ചു. അവ മാർച്ചിലെ ദേശീയ സമ്മേളനത്തിനുശേഷമേ പരിഗണിക്കൂ. അതുകൂടി ചേർക്കുമ്പോൾ സംസ്ഥാനത്ത് അംഗങ്ങളുടെ എണ്ണം 25 ലക്ഷം കടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.