5 വര്‍ഷംനീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ല; ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല: കര്‍ണാടക ഹൈക്കോടതി

വിവാഹവാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.

‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കില്‍ അഞ്ച് വര്‍ഷം. ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നുവെന്ന് കരുതാനാവില്ല’-ഹൈക്കോടതി പറഞ്ഞു. ആയതിനാല്‍ ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്), 376 ( ബലാത്സംഗക്കുറ്റം) എന്നിവ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തനിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. താനും പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ വാദിക്കുന്നത്. ജാതിപരമായ വ്യത്യാസങ്ങള്‍ കാരണമാണ് വിവാഹിതരാകാന്‍ സാധിക്കാതിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലുള്ള കാര്യങ്ങള്‍ ക്രിമിനല്‍ വിശ്വാസ ലംഘനമായി കണക്കാക്കാനാകില്ല. എന്നാല്‍ ഇയാള്‍ക്കെതിരായുള്ള കുറ്റങ്ങളില്‍ പരാതിക്കാരിക്കെതിരായ കൈയ്യേറ്റം, ഭീഷണി എന്നിവ നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *