40 രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരിവൈദ്യുതി വകുപ്പ . വ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്‌നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം.

രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് കെ.എസ്.ഇ.ബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. ഇൻവെർട്ടർ സംവിധാനമുപയോഗിച്ച് കുറച്ചുസമയംകൂടി മാത്രമേ ഡയാലിസിസ് തുടരാൻ കഴിഞ്ഞുള്ളൂ. സെന്ററിലെ ജനറേറ്റർ തകരാറിലായിരുന്നു.

കൊയ്‌നോണിയ അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നിലപാട്. പിന്നീട് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടും എം.എൽ.എ. ഓഫീസിൽനിന്നും ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വാർഡ് മെംബർ പി.പി. എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുൾപ്പെടുന്ന സംഘം വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസിൽ നേരിട്ടെത്തി ഉപരോധം തീർത്തതിനെത്തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്. സ്ഥിതി കൂടുതൽ വഷളാവുമെന്ന ഘട്ടത്തിൽ 11 മണിയോടെയാണ് ഓവർസിയറെത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്.

30,000 രൂപയോളമാണ് കൊയ്‌നോണിയ സെന്ററിലെ വൈദ്യുതി ബിൽ. മേയ് ഒന്നിന് ബിൽ തുകയ്ക്കുള്ള ചെക്കുമായി കൊയ്‌നോണിയയിലെ ജീവനക്കാരൻ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവധിയായതിനാൽ പിറ്റേദിവസം അടച്ചാൽ മതി എന്നുപറഞ്ഞ് മടക്കിയെന്ന് പറയുന്നു. പിറ്റേന്ന് ഓഫീസ് തുറക്കുന്നതിനു മുൻപുതന്നെ ലൈൻമാനെത്തി ഫ്യൂസ് ഊരുകയായിരുന്നു. കൊയ്‌നോണിയയിൽ മാസം ആയിരത്തോളം പേർക്ക് സൗജന്യനിരക്കിൽ ഡയാലിസിസ് നൽകുന്നുണ്ട്.

പണമടയ്ക്കാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള തീയതി ഏപ്രിൽ 27 ആയിരുന്നുവെന്നും ആതുരാലയമെന്ന പരിഗണനയിലാണ് അഞ്ച് ദിവസം കൂടി സമയം നൽകിയതെന്നും എക്സി. എൻജിനീയർ എം.എ. ബിജുമോൻ പറഞ്ഞു. രണ്ടു മാസം മുൻപ് ഉപയോഗിച്ച വൈദ്യുതിക്കാണ് പിന്നീട് മൂന്നാഴ്ച കൂടി സമയം അനുവദിച്ച് ബിൽ നൽകുന്നത്.

ഏതെങ്കിലും ഒരു സ്ഥാപനത്തിന് പ്രത്യേകമായി പരിഗണന നൽകണമെന്ന് ബോർഡ് നിഷ്കർഷിക്കാത്ത സാഹചര്യത്തിൽ ഫീൽഡ് സ്റ്റാഫിന് ഫ്യൂസ് ഊരുകയല്ലാതെ നിവൃത്തിയില്ല. വിഷയം സംബന്ധിച്ച് ആരും പരാതിയോ അപേക്ഷയോ നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *