സർക്കാർ വാഗ്ദാനംചെയ്തിരുന്ന സബ്സിഡി കൃത്യമായി കിട്ടാതായതോടെ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ജനകീയ ഹോട്ടലുകൾ കടക്കെണിയിലായി. ഏഴു മാസത്തെ സബ്സിഡി കുടിശികയിൽ മൂന്നു മാസത്തെ തുക മാത്രമാണ് കഴിഞ്ഞ ആഴ്ച നൽകിയത്. 14 ജില്ലകൾക്കായി 10 കോടി രൂപയാണ് അനുവദിച്ചത്.
‘വിശപ്പുരഹിത കേരളം’ ലക്ഷ്യമാക്കി 2020 -21ലെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടൽ പദ്ധതി പ്രഖ്യാപിച്ചത്. വർഷം 60 കോടി സബ്‌സിഡിക്കായി നീക്കിവച്ചിട്ടുണ്ട്. അതിൽ ഈ സാമ്പത്തികവർഷം മൊത്തം 30 കോടിയാണ് ഇതുവരെ അനുവദിച്ചത്. 30 കോടി ബാക്കിയാണ്.
1171 ജനകീയ ഹോട്ടലുകളാണ് കൊവിഡ് കാലത്ത് ആരംഭിച്ചത്. ഇപ്പോൾ 1198ലെത്തി. രണ്ടു മാസമായി പുതിയതൊന്നും തുടങ്ങിയിട്ടില്ല. അനിവാര്യമെങ്കിൽ മാത്രം അനുവദിച്ചാൽ മതിയെന്നാണ് ധനകാര്യ വകുപ്പിന്റെ നിർദ്ദേശം.
50 മുതൽ 2500 ഊണ് വരെയാണ് ജനകീയ ഹോട്ടലുകളിലെ പ്രതിദിന വില്പന. മൂന്നു മുതൽ മുപ്പതു വരെ കുടുംബശ്രീക്കാർ ഒരോ ഹോട്ടലിന്റെയും അണിയറയിലുണ്ട്. 20 രൂപയ്ക്ക് ഊണു കൊടുക്കുമ്പോൾ പത്തു രൂപ സർക്കാർ നൽകുമെന്നാണ് വ്യവസ്ഥ. അയ്യായിരത്തോളം സ്ത്രീകൾക്ക് ഉപജീവന മാർഗവുമാണ്