ഹോട്ടലിലെ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; വിഷവാതകം ശ്വസിച്ചതായി റിപ്പോർട്ട്

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇവരുടെ ശരീരത്തിൽ യാതൊരു തരത്തിലുളള മുറിവുകളും സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

തൊഴിലാളികൾ ഏത് വിഷ വാതകമാണ് ശ്വസിച്ചതെന്ന് അറിയാൻ കെമിക്കൽ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്നും ഇതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ചേവായൂർ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ച വൈകുന്നേരം നാല് മണിയോടുകൂടിയായിരുന്നു സംഭവം. തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യം ടാങ്കിലേക്ക് ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഓക്‌സിജൻ മാസ്‌ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കുമെന്നും ഹോട്ടൽ അടച്ചുപൂട്ടുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *