ഹോട്ടലിന് ഗുണനിലവാരമുണ്ടോ എന്നറിയാം; പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഗുണനിലവാരത്തെ കുറിച്ചുള്ള ചിന്തകൾ നമ്മെ ആശങ്കപ്പെടുത്തും. എന്നാൽ പുതുവർഷം മുതൽ കാര്യങ്ങൾ മാറിമറിയുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കുന്ന പുതിയ ആപ്പിലൂടെ ഇനി ഹോട്ടലുകളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് തന്നെ പരിശോധിച്ചറിയാം. നിലവിൽ ഭക്ഷണത്തിന്റെ രുചി അനുസരിച്ച് മാത്രം റേറ്റിംഗ് നൽകുന്ന ആപ്പുകളാണ് പ്ലേ സ്റ്റോറിൽ ഉള്ളത്. ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കുന്ന ഈ ആപ്പ് വരുന്നതോടെ ഇനി ഹോട്ടലുകളുടെ വൃത്തിയും ഗുണനിലവാരവും കൂടി ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കും. 

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈജീൻ റേറ്റിംഗ് സ്‌കീം (എച്ച്ആർഎസ്) പ്രോഗ്രാമിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് ഒരു സ്ഥലത്ത് ചെന്നുപെട്ടാൽ വൃത്തിയും ഗുണനിലവാരവുമുള്ള ഹോട്ടൽ കണ്ടെത്താൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.

ചെറുകിട ഹോട്ടലുകൾ, കഫിറ്റേരിയകൾ, ധാബ, മിഠായി വിൽപന ശാലകൾ, ഇറച്ചിക്കടകൾ എന്നിവ മുതൽ സ്റ്റാർ ഹോട്ടലുകളുടെ വരെ റേറ്റിംഗ് ആപ്പിലൂടെ അറിയാം. ഹോട്ടലുകളിലെ ശുചിത്വം, പാത്രങ്ങളുടെ നിലവാരവും വൃത്തിയും, വെന്റിലേഷൻ, തുടങ്ങി എഫ്എസ്എസ്എഐ ആക്ട് 2006 ഷെഡ്യൂൾ 4 ൽ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *