ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം: നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളി ഹൈക്കോടതി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി. ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചിന്റേതാണ് വിധി. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ടാണ് ഉത്തരവ്.

റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

റിപ്പോർട്ടിന്റെ ഉള്ളടക്കം ഹർജിക്കാരനെ വ്യക്തിപരമായി ബാധിക്കുന്നതാണോയെന്ന് ഹൈക്കോടതി വിചാരണ വേളയിൽ ചോദിച്ചിരുന്നു. വ്യക്തിപരമായല്ലെങ്കിലും സിനിമാ മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നായിരുന്നു മറുപടി. സോളാർ കമ്മിഷൻ റിപ്പോർട്ട് ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയതുപോലെ സംഭവിച്ചേക്കാമെന്നും ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു. സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മിഷനും വിമൻ ഇൻ സിനിമ കളക്ടീവും കോടതിയെ അറിയിച്ചിരുന്നു. ഹർജിക്കാരന്റെ ഇടപെടൽ സംശയാസ്പദമാണെന്നും ഡബ്ല്യു സി സി ആരോപിച്ചിരുന്നു.

റിപ്പോർട്ടിൽ പൊതുതാത്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നും വിവരാവകാശ കമ്മിഷന്റെ അഭിഭാഷകൻ നിലപാടെടുത്തിരുന്നു. 2017ൽ കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഹേമ കമ്മീഷൻ രൂപീകരിച്ചത്. 2019ലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *