‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തിരക്ക് വേണ്ട , കോടതി വിധി വന്നിട്ട് നോക്കാം ; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്കാരിക വകുപ്പിനും പങ്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷനാണ് ഇതിൽ ഉത്തരവാദിത്തം. സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. റിപ്പോർട്ട് പുറത്ത് വരുന്നതിൽ സർക്കാരിന് എതിർപ്പില്ല. കോടതി പറയുന്നത് സർക്കാർ അനുസരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതി അനുവദിച്ച സമയത്തിനുളളിൽ റിപ്പോർട്ട് പുറത്ത് വിടാത്തപക്ഷം കോടതിയിൽ ചോദ്യംചെയ്യാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

”റിപ്പോർട്ട് പുറത്ത് വിടണമെന്നത് ആളുകളുടെ വ്യക്തിപരമായ ആവശ്യമാണ്. വ്യക്തിപരമായ പരാമർശമൊഴിവാക്കി ബാക്കി ഭാഗം പുറത്ത് വിടാം. സർക്കാർ ഇതിനോട് യോജിക്കുന്നു. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്. സമയമാകുമ്പോൾ അവർ റിപ്പോർട്ട് പുറത്ത് വിടും. സമയം കഴിഞ്ഞിട്ടും അവർ റിപ്പോർട്ട് പുറത്ത് വിടുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാം. ഇന്ന് പുറത്തുവിടും എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കോടതി പറഞ്ഞ സമയത്ത് റിപ്പോർട്ട് പുറത്ത് വിട്ടില്ലെങ്കിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണ്”. പൊതുജനം റിപ്പോർട്ടിലെ എല്ലാവശങ്ങളും അറിയേണ്ട കാര്യമില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടുമെന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. ഇന്ന് രാവിലെ 9 മണിയോടെ സാംസ്കാരിക വകുപ്പിൽ നിന്നും വീണ്ടും അറിയിപ്പ് ലഭിച്ചു. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ലെന്നായിരുന്നു അറിയിപ്പ്.

റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്കാരിക വകുപ്പിന് ഒരു പങ്കുമില്ലെന്നും ഉത്തരവാദിത്തം വിവരാവകാശ കമ്മീഷനാണെന്നും മന്ത്രി സജി ചെറിയാൻ വാദിക്കുമ്പോഴും, റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യം വനിതാ കമ്മീഷന്‍ ആവര്‍ത്തിച്ചു.

2017 ജൂലായ് 1 നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. രണ്ടരവർഷത്തിന് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറി. പക്ഷേ നാലരവർഷമായിട്ടും പലകാരണങ്ങളാൽ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെയും കോടതിയുടേയും ഇടപെടലോടെയാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *