ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതിൽ തർക്കമില്ലെന്ന് മന്ത്രി സജി ചെറിയാൻ. രണ്ടുമാസത്തിനകം സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിനിമ, സീരിയൽ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശദമായി ചർച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോൺക്ലേവിൽ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കണ്ടതില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിട്ടുള്ളത്. താൻ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് സുതാര്യമാണ്. സിനിമ-സീരിയൽ രംഗത്ത് ഇടപെടേണ്ടത് അനിവാര്യമായ കാര്യമാണ്. അതിന് മാർഗരേഖ തയ്യാറാക്കുകയാണ് ഇനി ചെയ്യേണ്ടത്. നടിമാരുടെ മൊഴികൾ കേട്ട് ഹേമ കമ്മിഷൻ ഞെട്ടിയോ എന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ടിൻറെ പൂർണരൂപം വായിച്ചിട്ടില്ല, ശുപാർശ മാത്രമാണ് കണ്ടത് എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *