ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പഴുതടച്ച അന്വേഷണം വേണം; പൃഥ്വിരാജ്

 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്‍റെ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൃഥിരാജിന്റെ പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍

ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ അന്വേഷിക്കപ്പെടണം. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാന്‍ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകള്‍ പുറത്തുവിടാന്‍ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവരാണ്.

ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്.

‘അമ്മയ്ക്ക്’ പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതില്‍ ഉത്തരവാദിത്വം തീരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *