ഹേമാ കമ്മിറ്റി റിപ്പോർട്ട് ; സർക്കാരിന് ഒളിച്ച് കളിയെന്ന് എം.കെ മുനീർ എംഎൽഎ

ഹേമാ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ. റിപ്പോർട്ട് നടപ്പാക്കുമെന്ന് നാല് വർഷം മുമ്പ് സർക്കാർ ഉറപ്പ് നൽകിയതാണ്. തന്റെ ഓഫീസിലുള്ള റിപ്പോർട്ട് മൂന്ന് വർഷമായിട്ടും വായിക്കാൻ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. സിനിമാ മേഖലയിൽ തുടരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാറാണെന്നും എം.കെ മുനീർ പറഞ്ഞു.

2019 ഡിസംബർ 31നാണ് ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയത്. 2020 ഫെബ്രുവരി അഞ്ചിന് എം.കെ മുനീർ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ ബാലൻ നൽകിയ മറുപടി റിപ്പോർട്ടിലെ ശുപാർശകൾ പഠിച്ചുവരുന്നു എന്നാണ്. റിപ്പോർട്ടിന്റെ പകർപ്പ് എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാൽ ഇതും കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷം വിവരാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്.റിപ്പോർട്ടിൽ സർക്കാറിന്റെ ഒളിച്ചുകളിയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *