ഹെലികോപ്റ്റർ വീണ്ടും വാടകയ്ക്ക് എടുക്കും; തീരുമാനവുമായി സർക്കാർ മുന്നോട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് . മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തും.കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല. പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ്.

കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *