സ്വകാര്യ ഭാഗങ്ങളിൽ ബ്രിജ് ഭൂഷൻ സിങ്ങ് സ‌്പർശിച്ചു; രണ്ടു താരങ്ങളുടെ മൊഴി പുറത്ത്

ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങ്, തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായുള്ള ഗുസ്‌തിതാരങ്ങളുടെ മൊഴി പുറത്ത്. രണ്ട് ഗുസ്‌തി താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നിട്ടുള്ളത്. 

ഗുസ്തി ഫെഡറേഷൻ ഓഫീസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് താരങ്ങളുടെ മൊഴി. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്‌‍പർശിച്ചു. വിവിധ ടൂർണമെന്റുകൾ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരായി ഏഴ് ഗുസ്തി താരങ്ങളാണ് പോലീസിൽ പരാതി നൽകിയിരുന്നത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്താനാകും. എന്നാൽ, പൊലീസ് ഇതുവരെയായി അത്തരം നീക്കങ്ങളിലേക്ക് കടന്നിട്ടില്ല. മജിസ്ട്രേറ്റിന് മുന്നിലും താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്താത്തത് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ താരങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, മജിസ്ട്രേറ്റിന്റെ സമയം തേടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു കോടതിയിൽ പൊലീസിന്റെ മറുപടി. ഇത്തരത്തിൽ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് താരങ്ങൾ കുറ്റപ്പെടുത്തി.

ബ്രിജ് ഭൂഷന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ വരും ദിവസങ്ങളിൽ വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *