സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാൾ പിടിയിൽ

ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽവച്ചു യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. ചിറ്റാരിക്കാൻ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണു ചെറുപുഴ എസ്ഐ എം.പി.ഷാജി അറസ്റ്റ് ചെയ്തത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയുടെ അതിക്രമം.

സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിലാണു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അടുത്ത യാത്രയ്ക്കു വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു.

മറ്റു ആളുകൾ ബസിലേക്കു കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണു വിവരം. ഇയാൾ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ മനസ്സിലായിരുന്നില്ല. മാസ്ക് ധരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വന്ന യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *