സ്‌പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍; ‘240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന

മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാന്‍ സ്‌പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തിയെന്ന് എക്‌സൈസ് വകുപ്പ്. മേയ് 11ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ എന്‍ഡിപിഎസ് കേസുകള്‍ ഉള്‍പ്പെടെ 240 കേസുകളും 15ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ ആകെ 707 കേസുകളും രജിസ്റ്റര്‍ ചെയ്‌തെന്ന് എക്‌സൈസ് അറിയിച്ചു. 

അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 58 വാറണ്ട് പ്രതികളെയും ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന 9 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതല്‍ 31 വരെ അന്തര്‍സംസ്ഥാന ട്രെയിനും അന്തര്‍ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ച് റെയില്‍വേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയില്‍ 240 ട്രെയിനുകളും 1370 അന്തര്‍സംസ്ഥാന ബസുകളും പരിശോധിച്ചു. 115 COTPA കേസുകളും ഒരു എന്‍ഡിപിഎസ് കേസും കണ്ടെത്തി. 5.5 കിലോ കഞ്ചാവും 5 കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടിയെന്ന് എക്‌സൈസ് അറിയിച്ചു. 

എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പ്രദീപ് പി.എമ്മിന്റെ മേല്‍നോട്ടത്തില്‍ നടന്ന കോമ്പിങ് ഓപ്പറേഷനുകള്‍ക്ക് ജില്ലാ തലത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണ്ര്‍മാരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. രണ്ടായിരത്തോളം എക്‌സൈസ് ജീവനക്കാര്‍ പങ്കാളികളായി.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത പരിശോധനകള്‍ സംഘടിപ്പിക്കുമെന്ന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും എക്‌സൈസ് ആസ്ഥാനത്തെ ടെലിഫോണ്‍ നമ്പരുകളിലും ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാവുന്നതാണ്.

ടെലിഫോണ്‍ നമ്പരുകള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ആസ്ഥാനത്തെ നമ്പര്‍: 0471- 2322825, 9447178000, 9061178000.

Leave a Reply

Your email address will not be published. Required fields are marked *