സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാൻ വാച്ച് ആന്റ് വാർഡ് എത്തിയതോടെ ബഹളമായി. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി.

സ്പീക്കർ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ് , അൻസലൻ എന്നിവർ ഓഫിസിന് മുന്നിലെത്തിയിട്ടുണ്ട്. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്‌പോരും നടക്കുന്നുണ്ട്.

അതിനിടെ വാച്ച് ആന്റ് വാർഡ് ഉദ്യോഗസ്ഥർ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി. വാച്ച് ആൻഡ് വാർഡ് സനീഷ് കുമാർ എംഎൽഎ കൈയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *