സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ തർക്കം; ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് എൻ.ശിവരാജൻ

സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ തർക്കം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രനാണെങ്കിൽ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നുമാണ് എൻ.ശിവരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകൾക്കിടയിലാണ് ശിവരാജന്‍റെ പ്രതികരണം വന്നിരിക്കുന്നത്. അതേസമയം കൽപ്പാത്തി രഥോത്സവത്തിന്‍റെ പേരിൽ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും എൻ.ശിവരാജൻ ആവശ്യപ്പെട്ടു.

വയനാട്ടില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്രനേതൃത്വമാണ് ശോഭയുടെ പേര് നിര്‍ദേശിച്ചത്. പാലക്കാട് ശോഭയെ പരി​ഗണിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പകരം സി. കൃഷ്ണകുമാറിനെയാണ് സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്. എന്നാൽ ഇത് ശോഭയെ നേതൃത്വം തഴയുന്നുവെന്ന പരാതിക്ക് വഴിവെക്കുകയുണ്ടായി. ഏത് മണ്ഡലത്തിൽ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്നാണ് ഒരു വിഭാ​ഗം നേതാക്കൾ വാദിച്ചത്. എന്നാൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിലും തുടർച്ചയായി മികച്ച പ്രകടനം നടത്തി നില മെച്ചപ്പെടുത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെ മതിയെന്നാണയിരുന്നു ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്.

അതേസമയം ശിവരാജനെതിരെ പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയിലെ പടലപ്പിണക്കമാണ് ശിവരാജന്‍റെ നിലപാടിന് പിന്നിലെന്ന് ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന നിലപാടിൽ തന്നെയാണ് തങ്ങളെന്നും ഇവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *