ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചു. തനിക്ക് നേരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ല എന്നാണ് സൂരജിന്റെ പരാതി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങൾ വഴിവച്ചിരുന്നു. ചിത്രയ്ക്ക് എതിരെ വൻ വിമർശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് സൂരജ് പാത്രമാവുകയും ചെയ്തിരുന്നു.
ഏതാനും നാളുകള്‍ക്ക് മുന്‍പാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര വീഡിയോ പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നൊക്കം സൂരജ് കുറിച്ച്. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനവും സൂരജിന് നേരെ നടന്നു.
ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ കുറിച്ച് സൂരജ് ഇന്നലെ പറഞ്ഞത് – “കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ തുടർച്ചയായി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുകയാണ്. ഞാൻ നേരത്തെയും ഇത് നേരിട്ടിട്ടുണ്ട്, എന്നാൽ ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതൽ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ഉറപ്പായും ഞാൻ നിയമനടപടി സ്വീകരിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ നൽകുന്ന ശക്തമായ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല”, എന്നാണ്.
ഇതിനിടെ സൂരജ് സന്തോഷിന് പിന്തുണയുമായി തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് എത്തിയിരുന്നു. തന്‍റെ അടുത്ത സിനിമയില്‍ സൂരജ് പാടുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.