സുപ്രധാന തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്; ശബരിമലയിൽ ദർശന വഴി മാറ്റുന്ന കാര്യം പരിഗണനയിൽ

ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീർത്ഥാടകർ ക്യു കോപ്ലക്സിൽ കാത്ത് നിൽക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്.

കൊടിമരത്തിൽ നിന്നും നേരിട്ട് സോപാനത്തിലേക്കുള്ള വഴി തീർത്ഥാകരെ കയറ്റിവിടാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസനോട് പറഞ്ഞു. നേരിട്ടുള്ള ദർശനം ലക്ഷ്യം വെച്ച് സ്ഥാപിച്ച ബെയ്ലി പാലത്തിന്‍റെ നിർമ്മാണ കുടിശിക സൈന്യത്തിന് നൽകിയതോടെയാണ്  പുതിയ നീക്കം.  ദര്‍ശന വഴി മാറ്റുന്നതിൽ എല്ലാവരുമായി കൂടിയാലോചന നടത്തിയശേഷമെ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും മാസ്റ്റര്‍ പ്ലാനിൽ നേരിട്ട് തൊഴുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് പറ‍ഞ്ഞു.

വേണ്ടത്ര ധാരണയില്ലാതെ വർഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിച്ച് നിര്‍മിച്ച ബെയ്ലി പാലം ഇപ്പോള്‍ തുരുമ്പിച്ച് കിടക്കുകയാണ്. ഇത് നവീകരിച്ച് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്.അയപ്പനെ തൊഴുത് മളിപ്പുറം വഴി പുറത്തേക്കിറങ്ങുന്ന തീർത്ഥാകരെ വീണ്ടും നടപ്പന്തിലേക്ക് പോകാതെ ചന്ദ്രാനൻ റോഡിലെത്തിക്കാനാണ് 13 വർഷം മുമ്പ്  ബെയ്ലി പാലം നിർമിച്ചത്.

മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം കുത്തിറക്കവും കയറ്റവും പടികളും കടന്നുള്ള ശരണസേതു പാലം വഴിയുള്ള യാത്ര തീ‍ത്ഥാടകര്‍ക്ക് മടുത്തതോടെ ഈ പാത ഉപേക്ഷിച്ചു. വ‍‍ർഷാവർഷമുള്ള അറ്റകുറ്റപ്പണി നടത്തായതോടെ ബെയ്ലി പാലവും ഉപയോഗശൂന്യമായി. ഇതോടൊപ്പം സൈന്യത്തിന് നൽകാനുള്ള കുടിശികയും കൂടി. ദേവസ്വം ബോർഡിന് വേണ്ടി ഒന്നേകാൽ കോടി രൂപ സംസ്ഥാന സർക്കാർ സൈന്യത്തിന് നൽകി കുടിശിക തീർത്തു. ഇതോടെയാണ് പുതിയ ആലോചന. കൊടിമരത്തിൽ നിന്നും നേരിട്ട് സോപാനത്തേക്ക് കടത്തിവിട്ട് ബെയ്ലി പാലം വഴി പുറത്തേക്കുള്ള കടത്തിവിടുന്ന പുതിയ റൂട്ടാണ് ആലോചിക്കുന്നത്.

എന്നാൽ, ഇതിനായി പാലവും പാതയും നവീകരിക്കണം. പാതയിൽ മുമ്പുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും വേണം. മാളികപുറത്തിന് പിന്നിലൂടെ ഭസ്മകുളത്തിന് അരികിലൂടെയാണ് ഈ വഴി പോകുന്നത്. പാലത്തിന്‍റെ അറ്റകുറ്റപണി നടത്താനും ലക്ഷങ്ങള്‍ ആവശ്യമാണ്.  അതിനാൽ തന്നെ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാൻ വെല്ലുവിളികള്‍ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *