‘സിൽവർലൈൻ രാഷ്ട്രീയവിഷയമായത് വേദനിപ്പിച്ചു; കേന്ദ്രം എതിരല്ല: അശ്വിനി വൈഷ്ണവ്

സിൽവർലൈൻ കേരളത്തിൽ രാഷ്ട്രീയവിഷയമായതു വേദനിപ്പിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്രം കേരളത്തിന്റെ പദ്ധതിക്ക് എതിരല്ല. വികസനം വേഗത്തിൽ വരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇക്കാര്യത്തിൽ വിവേചനമില്ല. കേന്ദ്ര സർക്കാരിനു വ്യക്തമായ നിലപാടുണ്ട് – ഒരു അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.

ഇതുപോലൊരു പദ്ധതിക്ക് കിലോമീറ്ററിന് 200–250 കോടി രൂപ വേണ്ടിവരും. കിലോമീറ്ററിനു 120 കോടിയാണു സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. അത് അറിവില്ലായ്മ കൊണ്ടല്ല, പദ്ധതി തുടങ്ങിക്കഴിഞ്ഞാൽ ചെലവ് ഉയർത്താമെന്നുദ്ദേശിച്ചാണ്. യാഥാർഥ്യബോധത്തോടെയുള്ള പദ്ധതിയല്ല സമർപ്പിച്ചത്. പുതിയ ഡിപിആർ (വിശദ പദ്ധതി റിപ്പോർട്ട്) സമർപ്പിച്ചാൽ പരിശോധിക്കാം. എല്ലാ വശവും പരിശോധിച്ച ശേഷം തീരുമാനിക്കാം – കേന്ദ്രമന്ത്രി പറഞ്ഞു.

സിൽവർലൈനിൽ വീതി കുറഞ്ഞ പാതയാണു വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്താകെയുള്ള 70,000 കിലോമീറ്റർ ബ്രോഡ്ഗേജ് നെറ്റ്‌വർക്കുമായി ഈ 500 കിലോമീറ്റർ പാത സംയോജിപ്പിക്കാൻ ബുദ്ധിമുട്ടാകും. ഒറ്റപ്പെട്ട കോറിഡോറായി ഇതു മാറും. നിലവിലെ പാത മെച്ചപ്പെടുത്തിയാൽ കേരളത്തിൽ ട്രെയിനിന്റെ വേഗം വർധിപ്പിക്കാനാകും.

കേരളത്തിനായി നന്നായി ഗൃഹപാഠം ചെയ്ത പദ്ധതികൾ കേന്ദ്രത്തിനുണ്ട്. പാത നവീകരണം, വേഗവും പാതകളും ഇരട്ടിപ്പിക്കൽ‍, ബെംഗളൂരുവിലേക്ക് ഉൾപ്പെടെ പുതിയ വന്ദേഭാരത് ട്രെയിനുകൾ എന്നീ ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കാനാണു തീരുമാനം – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *