സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ ട്രെയിനിൽ തീയിട്ട പ്രതിയല്ലെന്ന് പൊലീസ്; ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശി

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാർഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്. ഇന്നലെ രാത്രി പരിസരവാസികൾ നൽകിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു.

‘ഞാൻ രാത്രി 12.15ന്റെ ട്രെയിനിൽ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിൻ കയറാൻ സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നു. രാവിലെ വാർത്ത അറിഞ്ഞയുടനെ വീട്ടിൽ വിളിച്ച് പറഞ്ഞു. അവർ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കൾ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.

സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ട്രെയിനിൽ ഉണ്ടായിരുന്ന ദൃക്സാക്ഷി റാഷിക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.

സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയിൽവേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനിൽ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകൾ ചുമത്തി റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. സാഹചര്യത്തെളിവുകൾ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തിൽ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇയാൾ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്ന് കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണ്. 

 

Leave a Reply

Your email address will not be published. Required fields are marked *