സിപിഎം മുൻ സംസ്ഥാന സമിതി അം​ഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. വടക്കൻ പറവൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ദീർഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സരോജിനി ബാലാനന്ദൻ, സിപിഎം സംസ്ഥാനസമിതി അംഗവുമായിരുന്നു. 2012ൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി. മഹിളാ അസോസിയേഷൻ നേതാവായും പ്രവർത്തിച്ചു. സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽനിന്നു സിപിഎം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്നത്തെ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെട്ടത്. ദീർഘകാലം പാർട്ടിയുടെ സംസ്‌ഥാന സമിതി അംഗമായിരുന്ന സരോജിനി ബാലാനന്ദൻ, സംസ്‌ഥാന സമിതിയിൽനിന്ന് ഒഴിവായപ്പോൾ വികാരാധീനയായി പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു. സിപിഎം പിബി അംഗമായിരുന്ന ഇ. ബാലാനന്ദനെ വിവാഹം കഴിച്ചതോടെയാണു പാർട്ടി കുടുംബത്തിൽ സരോജിനി അംഗമാകുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *