സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. ചേലക്കര എംഎൽഎ യു.ആർ പ്രദീപ് അടക്കം 10 പേർ 46 അംഗ ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളാണ്. പിഎം അഹമ്മദ്, സി. കെ വിജയൻ, എം.എം വർഗീസ്, ബി.ഡി ദേവസി, മുരളി പെരുനെല്ലി, പി.ആർ വർഗീസ് എന്നിവരുൾപ്പെടെ ആറ് പേരെയാണ് ഒഴിവാക്കിയത്. പാർട്ടി ഫണ്ട് മരവിപ്പിച്ചതുൾപ്പെടെയുള്ള വേട്ടയാടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അബ്ദുൾഖാദർ മാധ്യമങ്ങളോട് പറഞ്ഞു.
2006 മുതൽ 2021 ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൽഖാദർ. 1991 മുതൽ സിപിഐ എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതൽ പാർട്ടി ഏരിയ സെക്രട്ടറിയായി. തുടർന്ന് സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്‍റ്, ബീഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1979ൽ കെഎസ്‌വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് കടന്നുവന്നത്. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്‍റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.