സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി; ആനക്ക് പരിക്കുകളില്ല, തിരിച്ചുകൊണ്ടുപോയി

കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ തിരിച്ചുകൊണ്ടുപോയി. ലോറിയിൽ തളച്ചാണ് ആനയെ കൊണ്ടുപോയത്. പാപ്പാനും കൂട്ടാളികളും പുതുപ്പള്ളി സാധുവിനൊപ്പം ലോറിയിലുണ്ട്. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. പുറത്തെത്തിച്ച ആന ആരോഗ്യവാനാണെന്ന് ആനയുടമയും വനപാലക സംഘവും അറിയിച്ചു.

ആനയുടെ പുതിയ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടൻ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാൽ ആനയെ തിരിച്ചു കൊണ്ടുപോവുകയാണെന്നും ഉടമ പറഞ്ഞു.

ഭൂതത്താൻകെട്ട് വനമേഖലയിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. ഇന്നലെ ഷൂട്ടിങ് സെറ്റിൽ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായ ആളുകൾ പറയുന്നത്.

തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റതോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകർ കാടിനുള്ളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *