കൈ വെട്ടി എടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ പറഞ്ഞിരുന്നു
കൊലക്കേസ് പ്രതിയും ഗുണ്ടയുമായിരുന്നയാളെ കൊല ചെയ്ത കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കൈ വെട്ടി എടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ പറഞ്ഞതനുസരിച്ചാണ് കനാലില്‍ പോലീസ് തെരച്ചില്‍ നടത്തിയത്.
കൊലക്ക് ഉപയോഗിച്ചതും കൈവെട്ടിയെടുത്തതുമായ വാക്കത്തിക്ക് വേണ്ടി ബോംബ് സ്‌ക്വാഡ് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ആദ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് കനാലിലെ വെള്ളം ചെറിയ തോതില്‍ കുറച്ചശേഷം കനാലില്‍ കാന്തം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കൊലയ്ക്ക് ഉയോഗിച്ച വാക്കത്തി കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന് തുടങ്ങിയ തെരച്ചിലിൽ 12 മണിയോടെ വാക്കത്തി കണ്ടെടുക്കുകയായിരുന്നു.
കീഴടങ്ങിയ പ്രതി ഉള്‍പ്പെടെ എട്ട് പേരുടേയും വിരലടയാളം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെയെല്ലാം മൂലമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെള്ളിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി. കൊല നടന്നത് മേലുകാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതു കൊണ്ട് ഇനി തെളിവെടുപ്പ് മേലുകാവ് പോലീസിനാണ്. കേസിലെ പ്രതികളെ കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മേലുകാവ് സ്വദേശി സാജൻ സാമുവേലിൻ്റെ കൊലപാതകത്തിലാണ് തെളിവെടുപ്പ് നടത്തിയത്.