‘സമൂഹത്തിന്റെ ചിന്താഗതിക്കെതിരെ പൊരുതാൻ സ്ത്രീകളോട് ആവശ്യപ്പെടുകയാണ് ചെയ്തത്’; പാര്‍ട്ടിക്കെതിരല്ലെന്ന് വൃന്ദ കാരാട്ട്

തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്. പാര്‍ട്ടിക്കെതിരായല്ല, മറിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ നിലനിൽക്കുന്ന ചിന്താഗതികളേക്കുറിച്ചും അതിനെ സ്ത്രീകൾ മറികടക്കേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചുമാണ് താന്‍ പറഞ്ഞതെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നേതൃനിരയിലേക്ക് എത്തുന്ന സ്ത്രീകളെ അംഗീകരിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് എന്നും വൈമുഖ്യമുണ്ടായിരുന്നു, അതുകൊണ്ടുതന്നെ നിങ്ങളുമായി ഏതെങ്കിലും തരത്തില്‍ അടുപ്പമുള്ള പുരുഷനുമായി നിങ്ങളുടെ നേട്ടത്തെ ബന്ധപ്പെടുത്തി അവതരിപ്പിക്കാനാവും അവര്‍ ശ്രമിക്കുക, അതിനെ തകര്‍ത്ത് മുന്നോട്ടുവരാന്‍ ഓരോ സ്ത്രീക്കുമാവണം’ എന്നതായിരുന്നു പുസ്തകത്തില്‍ താന്‍ ഉദ്ദേശിച്ചതെന്നും മാധ്യമങ്ങള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

വൃന്ദ കാരാട്ട് എഴുതിയ, ‘ആന്‍ എജ്യുക്കേഷന്‍ ഫോര്‍ റീത’ എന്ന ഓര്‍മക്കുറിപ്പുകളിലെ പരാമർശങ്ങളാണ് വിവാദമായത്. 1975-’85 കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമരജീവിതത്തെക്കുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തെ ഒരിക്കലും വ്യക്തിജീവിതം ബാധിച്ചിട്ടില്ലെന്നും സ്ത്രീയായതിന്റെ പേരില്‍ ഒരിക്കലും പാര്‍ട്ടിക്കകത്ത് അവഗണന നേരിട്ടിട്ടില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. എല്ലാവരെയും പാര്‍ട്ടി ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ തന്നെയാണ് തനിക്കും പാര്‍ട്ടിയെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *