‘സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുത്’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന്, പീഡനക്കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.

ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും, തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ രാഹുലിന്റെ അമ്മയും പ്രതിയായിരുന്നു. കോഴിക്കോട് സ്വദേശിയും ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നയാളുമാണ് രാഹുല്‍.

സംഭവം വിവാദമായതിനു പിന്നാലെ, രാഹുലും ഭാര്യയും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പാക്കിയിരുന്നു. തങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതെല്ലാം പറഞ്ഞു തീര്‍ത്തുവെന്നും, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്നും ചൂണ്ടിക്കാട്ടി യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കണം. ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിട്ടില്ല. തെറ്റിദ്ധാരണകളുടെ പുറത്താണ് ആരോപണം ഉന്നയിച്ചതെന്നും യുവതി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *