സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് തന്നെ ; സ്ഥിരീകരിച്ച് മുശാവറ അംഗം ഡോക്ടർ ബഹാഉദ്ദീൻ നദ്‌വി

സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് സ്ഥിരീകരിച്ച് മുശാവറ അംഗം ഡോക്ടർ ബഹാഉദ്ദീൻ നദ്‌വി. 

‘യോഗത്തിൽ വാഗ്വാദം ഉണ്ടായി. ഉമർ ഫൈസിയെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. കള്ളൻമാർ പറയുന്നതൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഉമർ ഫൈസി പറഞ്ഞത് തന്നെ ലക്ഷ്യമിട്ടാണ്. അത് കേട്ട് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും’- ബഹാഉദ്ദീൻ നദ്‌വി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഉമർഫൈസിയുടേത് ധിക്കാരമാണെന്നും നടപടി വേണ്ടതാണെന്നും ബഹാവുദ്ദീന്‍ നദ്‌വി പറഞ്ഞു. ഇറങ്ങിപ്പോക്ക് നിഷേധിച്ച് സമസ്ത ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിനെയും നദ്‌വി തള്ളി.സമസ്ത മുശാവറയിൽ നിന്നും പ്രസിഡൻ്റ് ഇറങ്ങിപ്പോയി എന്ന രീതിയില്‍ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു വാര്‍ത്താകുറിപ്പ്.

ഇന്നലെ നടന്ന സമസ്ത മുശാവറ യോഗത്തിലാണ് നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഉമർ ഫൈസി മുക്കത്തെ ചൊല്ലിയുള്ള ചർച്ചക്കിടെയാണ് ചൂടേറിയ വാക്കുതർക്കമുണ്ടായത്.ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചയായതിനാൽ അദ്ദേഹം മാറിനിൽക്കണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

ഇത് അംഗീകരിക്കാൻ ഉമർ ഫൈസി തയ്യാറായില്ല. പ്രസിഡന്റ് പറഞ്ഞത് അംഗീകരിക്കണമെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞപ്പോൾ നിങ്ങൾ കള്ളൻമാർ പറയുമ്പോൾ മാറിനിൽക്കാനാവില്ല എന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. അപ്പോഴാണ് എല്ലാവരും കള്ളൻമാരെന്ന് പറയുമ്പോൾ താനും കള്ളനാണോ എന്ന് ചോദിച്ച് ജിഫ്രി തങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാര്‍, പ്രാർഥന നടത്തി യോഗം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, മുശാവറയിൽ ഉമർ ഫൈസിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

‘സമസ്തയിൽ അധ്യക്ഷന്റേത് അവസാന വാക്കാണ്. അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണ്. സമസ്ത അധ്യക്ഷൻ പുറത്തുനിൽക്കാൻ പറഞ്ഞാൽ പുറത്തു നിൽക്കണമെന്നും’- അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *