സമസ്തയിലെ വിഭാഗീയത ; ഇടപെട്ട് നേതൃത്വം , ലീഗ് അനുകൂല ചേരിയെ ചർച്ചയ്ക്ക് വിളിച്ചു

സമസ്തയിലെ വിഭാഗീയതയിൽ ഇടപെട്ട് നേതൃത്വം. ലീഗ് അനുകൂല ചേരിയെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരത്തിന് സന്നദ്ധത അറിയിച്ചു. അടുത്ത മുശാവറ യോഗത്തിന് മുൻപായി ചർച്ച നടത്തും. പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകി. നേതൃത്വം ഇടപെട്ടതോടെ ലീഗ് അനുകൂല ചേരിയുടെ വാർത്താ സമ്മേളനം മാറ്റിവെച്ചു

സമസ്തയിലെ ലീഗ് അനുകൂലികൾ രൂപീകരിച്ച ആദർശ സംരക്ഷണ സമിതി ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറെന്നാണ് സമസ്ത നേതൃത്വം നിലപാട് അറിയിച്ചിരിക്കുന്നത്. ചർച്ചക്ക് സമസ്ത തയ്യാറെന്ന് അറിയിച്ചതോടെ ഇന്ന് മലപ്പുറത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം മുസ്ലിം ലീഗ് അനുകൂല വിഭാഗം റദ്ദാക്കി. മലപ്പുറം സുന്നി മഹലിലായിരുന്നു വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. ഈ മാസം 11ന് ചേരുന്ന മുശാവറ യോഗത്തിന് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നാണ് ആദർശവേദി നേതാക്കളെ സമസ്‌ത അറിയിച്ചത്. നിലവിൽ ചേരി തിരിഞ്ഞു പോരടിക്കുന്ന ഇരു വിഭാഗത്തെയും സമസ്ത നേതൃത്വം കേൾക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർ ഫൈസിക്കെതിരെ നടപടി, സുപ്രഭാതം പത്രത്തിന്റെ സിപിഐഎം അനുകൂല നിലപാട് തിരുത്തൽ തുടങ്ങിയവയാണ് ആദർശവേദിയുടെ ആവശ്യങ്ങൾ. 

Leave a Reply

Your email address will not be published. Required fields are marked *